ഉത്തർപ്രദേശിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടർന്ന് ദളിത് വിഭാഗങ്ങളിൽ സ്വാധീനം ഉറപ്പാക്കാൻ ബിജെപി നീക്കം തുടങ്ങി. സംസ്ഥാനത്തെ സംവരണ സീറ്റുകളിൽ നേരിട്ട തോൽവി പാർട്ടി ഗൗരവമായി കാണുന്നു. ദളിത് വിഭാഗങ്ങൾക്കിടയിൽ പ്രത്യേക പ്രചരണം സംഘടിപ്പിക്കാനും താഴെത്തട്ടിൽ പ്രവർത്തനം ശക്തമാക്കാനുമാണ് പാർട്ടിയുടെ തീരുമാനം.
ഇതിന്റെ ആദ്യ ഘട്ടമായി ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ദളിത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പ്രതിരോധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പാർട്ടി ഘടകങ്ങളോട് ദേശീയ നേതൃത്വം നിർദേശിച്ചു. സംസ്ഥാനത്തെ 17 എസ്സി സംവരണ സീറ്റുകളിൽ ബിജെപിക്ക് ഇത്തവണ 8 സീറ്റുകൾ മാത്രമാണ് നേടാനായത്.
ദളിത് വിഭാഗവുമായി കൃത്യമായി ഇടപഴകാൻ ആകാത്തതും പ്രചാരണം താഴെത്തട്ടിൽ എത്താത്തതുമാണ് പരാജയത്തിന്റെ പ്രധാന കാരണമായി പാർട്ടി വിലയിരുത്തുന്നത്. മോദി-യോഗി പ്രഭാവത്തിൽ വിജയം നേടാമെന്ന് പ്രതീക്ഷിച്ചെങ്കിലും അവിടെ കണക്കുകൂട്ടൽ പിഴച്ചുവെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിഗമനം. കഴിഞ്ഞ രണ്ടുതവണയും മികച്ച പ്രകടനം കാഴ്ചവച്ച ബിജെപിക്കാണ് ഇത്തവണ യുപിയിൽ അടി പതറിയത്.