ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ആരോപണം നേരിടുന്ന മുകേഷ് രാജി വെക്കേണ്ടതില്ലെന്ന സർക്കാർ നിലപാട് ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രൻ വിമർശിച്ചു.
ഉദ്ദേശ ശുദ്ധിയിൽ നിന്ന് വിപരീത ദിശയിലാണ് സർക്കാർ ഇപ്പോൾ സഞ്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുകേഷിനെതിരെ മൂന്നു ഗൗരവമായ ആരോപണങ്ങളാണ് ഉയർന്നുവന്നതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മേഖലയിൽ പ്രവർത്തിക്കുന്നവരുടെ രക്ഷിതാക്കളെ പോലും പീഡിപ്പിക്കാൻ മനസ്സ് കാണിക്കുന്നയാളാണ് മുകേഷെന്നും അദ്ദേഹം ആരോപിച്ചു. മുകേഷ് അടിയന്തരമായി രാജിവെക്കണമെന്നും മുഖ്യമന്ത്രിക്ക് ധാർമികത അവശേഷിക്കുന്നുണ്ടെങ്കിൽ രാജി എഴുതി വാങ്ങണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ മുനയിലാക്കിയത് സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുകേഷിനെ കോൺക്ലേവിൽ പങ്കെടുപ്പിക്കാൻ അനുവദിക്കില്ലെന്നും പങ്കെടുത്താൽ കോൺക്ലേവ് തന്നെ തടയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
മലയാളം സിനിമയിൽ മട്ടാഞ്ചേരി മാഫിയ എന്ന പേരിൽ ഒരു മാഫിയ പിടിമുറുക്കിയിട്ടുണ്ടെന്നും ലഹരി മാഫിയ ഉൾപ്പെടെ ഇവിടെനിന്നാണ് വരുന്നതെന്നും സർക്കാർ ഇവരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു. മുകേഷിനെ പിന്തുണച്ചുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തെക്കുറിച്ച്, ചലച്ചിത്ര നടൻ എന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ പാർട്ടിയുടെ നിലപാട് മുകേഷ് രാജിവെക്കണമെന്നത് തന്നെയാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights: BJP State President K Surendran demands M Mukesh’s resignation amid Hema Committee report controversy