പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ അസംതൃപ്തി ഉയരുന്നു. എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെതിരെ പന്തളത്തെ ബിജെപി പ്രവർത്തകർ ഫെയ്സ്ബുക്കിൽ വിമർശനം ഉന്നയിച്ചു. പന്തളം നഗരസഭയിലെ ക്ഷേമസമിതി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സീനയുടെ ഭർത്താവ് അജി “പാലക്കാട് കഴിഞ്ഞു ഇനി പന്തളം” എന്ന് പോസ്റ്റ് ചെയ്തു. സി കൃഷ്ണകുമാറിന് സംഘടനാ ചുമതലയുള്ള നഗരസഭയാണ് പന്തളം.
പന്തളം നഗരസഭാ ചെയർപേഴ്സൺ സുശീലയുടെ ഭർത്താവ് സന്തോഷ് അജിയുടെ പോസ്റ്റിനെ പിന്തുണച്ചു. “ഭാര്യയും ഭർത്താവും കൂടി പാലക്കാട് നശിപ്പിച്ചു. ഒരു കാലനെപ്പോല വന്നു പന്തളവും.. ഈ എരണംകെട്ടവൻ..” എന്ന് സന്തോഷ് കമന്റ് ചെയ്തു. കഴിഞ്ഞദിവസം ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. മുൻ ബിജെപി കൗൺസിലർ കെ വി പ്രഭയും നോട്ടീസിനെ പിന്തുണച്ചിരുന്നു.
33 അംഗ കൗൺസിലിൽ ബി.ജെ.പി.-18, എൽ.ഡി.എഫ്.-9, യു.ഡി.എഫ്.-5, സ്വതന്ത്രൻ-ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. തുടർച്ചയായി പാർട്ടി അച്ചടക്കലംഘനം നടത്തുകയും സമൂഹമാധ്യമങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാകുന്ന തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നെന്ന് കാട്ടി സെപ്റ്റംബർ 12-നാണ് പ്രഭയെ ബി.ജെ.പി. സംസ്ഥാന നേതൃത്വം പ്രാഥമികാംഗത്വത്തിൽനിന്നു സസ്‌പെൻഡുചെയ്തത്.
Story Highlights: BJP faces internal dissent after defeat in Palakkad, with criticism against C Krishnakumar on social media