പാലക്കാട്ടെ എന്ഡിഎ സ്ഥാനാര്ത്ഥി സി കൃഷ്ണകുമാര് ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസിന് ഇരട്ട വോട്ട് ഉണ്ടെന്ന് സമ്മതിച്ചു. പ്രസിഡന്റ് ബിജെപി ഓഫീസിലെ താമസക്കാരനാണെന്നും പട്ടാമ്പിയില് വോട്ട് ഉണ്ടെങ്കില് നീക്കം ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന് ആണെന്നും കൃഷ്ണകുമാര് വ്യക്തമാക്കി.
കരട് വോട്ടര്പ്പട്ടികയിലുള്ള ആളുകളെ ബിഎല്ഒയെ സ്വാധീനിച്ച് രണ്ട് മുന്നണികളും വോട്ടര് പട്ടികയില് നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഓരോ ബൂത്തുകളിലും 20-25 ബിജെപി അനുകൂല വോട്ടുകള് നീക്കം ചെയ്തിട്ടുണ്ടെന്നും അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ച്, അതിന്റെ അഡീഷണല് ലിസ്റ്റിലാണ് ഇതുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മുന്നണികളും വ്യാപകമായി കള്ള വോട്ട് ചേര്ക്കുന്നുവെന്നും കൃഷ്ണകുമാര് ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടര്ക്ക് ഇതില് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാര് കുറ്റപ്പെടുത്തി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പാലക്കാട് മണ്ഡലത്തിലെ ഇരട്ട വോട്ടുകളെ കുറിച്ച് എല്ലാ വിവരങ്ങളും നല്കിയിരുന്നെന്നും, ഈ വോട്ടുകള് പരിശോധിക്കണമെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ കളക്ടറോടും അന്ന് ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കളക്ടര് നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും, അതിന്റെ ഫലമാണ് ഇപ്പോഴും ഇരട്ട വോട്ട് എല്ലാ പ്രദേശത്തും വരുന്നതെന്നും കൃഷ്ണകുമാര് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ സിപിഐഎം ജില്ലയില് തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണെന്നും വിഷയത്തില് നിയമ നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: NDA candidate C Krishnakumar admits BJP Palakkad district president has double vote, accuses CPM of manipulating voter list