പാലക്കാട് മണ്ഡലത്തിൽ നിന്ന് എൻഡിഎയ്ക്ക് എംഎൽഎ ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ രംഗത്തെത്തി. 100 ശതമാനം വിജയ ഉറപ്പുണ്ടെന്നും പാലക്കാട് നഗരസഭയിൽ 8,000 മുതൽ 10,000 വോട്ടിന് ലീഡ് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ബിജെപിയോട് യാതൊരു എതിർപ്പുമില്ലെന്നും അവരിൽ വലിയൊരു വിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പൊളിറ്റിക്കൽ വോട്ടുകൾക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകൾ കൂടി ലഭിക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. കുറഞ്ഞത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നതായി സി കൃഷ്ണകുമാർ പറഞ്ഞു. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത് ബിജെപിയുടെ സംഘടനാ കെട്ടുറപ്പിനെ കൂടുതൽ ശക്തമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, ബൂത്ത് കണക്കുകൾക്കപ്പുറം ശക്തമായ അടിയൊഴുക്കുകൾ ഉണ്ടെങ്കിൽ കാര്യങ്ങൾ കീഴ്മേൽ മറിയുമെന്ന് നേതൃത്വങ്ങൾക്ക് അറിയാം. അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവർത്തകരും. മറുവശത്ത്, കണക്കുകൾ പ്രകാരം മണ്ഡലത്തിൽ വിജയിച്ച് കഴിഞ്ഞെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ അവകാശപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഭൂരിപക്ഷം പറയാനില്ലെങ്കിലും നാളെ പകൽ പാലക്കാട് യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
Story Highlights: BJP candidate C Krishnakumar expresses confidence in winning Palakkad assembly seat