മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 99 സ്ഥാനാർത്ഥികളാണ് ആദ്യഘട്ട പട്ടികയിൽ ഇടം പിടിച്ചത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പൂർ സൗത്ത് വെസ്റ്റിൽ നിന്നും, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ കാംതിയിൽ നിന്നും മത്സരിക്കും. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ അശോക് ചവാന്റെ മകൾ ശ്രീജയ അശോക് ചവാന് ഭോക്കറിൽ സീറ്റ് നൽകി. മന്ത്രിമാരായ ഗിരീഷ് മഹാജൻ ജാംനറിലും സുധീർ മുൻഗന്തിവാർ ബല്ലാർപൂരിലും മത്സരിക്കും. ആശിഷ് ഷെലാർ ബാന്ദ്ര വെസ്റ്റിൽ ജനവിധി തേടും.
അതേസമയം, 5 സീറ്റുകൾ ആവശ്യപ്പെട്ടതായി റിപ്പബ്ലിക് പാർട്ടി അധ്യക്ഷൻ രാംദാസ് അത്വലെ പറഞ്ഞു. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡിയിൽ സമവായമായ സീറ്റുകളിൽ ഇന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയിൽ ചർച്ച ചെയ്യുമെന്ന് സംസ്ഥാന ചുമതലയുള്ള രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടതു പാർട്ടികൾ മഹാവികാസ് ഖാഡിയിൽ തുടരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവലെ വ്യക്തമാക്കി.
ജാർഖണ്ഡിൽ ഇന്ത്യ മുന്നണിയിൽ സീറ്റ് ചർച്ചകളിൽ ആർജെഡിയും സിപിഐഎംഎലും എതിർപ്പ് അറിയിച്ചതായാണ് വിവരം. 11 സീറ്റുകളിലാണ് ആർജെഡിയും സിപിഐഎംഎലും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. ഇരുകൂട്ടരും കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
Story Highlights: BJP announces first list of 99 candidates for Maharashtra Assembly elections