ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജു ജനതാദൾ (ബിജെഡി) വോട്ട് ചെയ്യില്ല. എൻഡിഎ മുന്നണിക്കും ഇന്ത്യ സഖ്യത്തിനും തുല്യ അകലം പാലിക്കുമെന്നും ബിജെഡി അറിയിച്ചു. തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം ഒഡീഷയുടെയും അവിടുത്തെ 4.5 കോടി ജനങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് ബിജെഡി എംപി സസ്മിത് പത്ര വ്യക്തമാക്കി.
എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനും പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ അംഗങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇന്ന് വിരുന്ന് നൽകുന്നുണ്ട്. രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 233 അംഗങ്ങളും, ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 543 അംഗങ്ങളും, നാമനിർദ്ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും ഉൾപ്പെട്ട ഇലക്ടറൽ കോളേജിൽ എൻഡിഎക്കാണ് മുൻതൂക്കം.
രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ വൈകീട്ട് 6 മണിക്ക് ആരംഭിക്കും. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ്, ഹിമാചൽ പ്രദേശ് അംഗങ്ങളോടൊപ്പം വോട്ട് രേഖപ്പെടുത്തും. ഈ തിരഞ്ഞെടുപ്പ് ഒരു പ്രത്യയശാസ്ത്ര പോരാട്ടമാണെന്ന് പ്രതിപക്ഷം വിശേഷിപ്പിക്കുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ അംഗങ്ങൾക്ക് കഴിഞ്ഞ ദിവസവും പ്രതിപക്ഷ അംഗങ്ങൾക്ക് ഇന്നും പാർലമെന്റ് സെൻട്രൽ ഹാളിൽ മോക് പോളിംഗ് നടത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി ഒറ്റക്കെട്ടായി നിൽക്കുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പ്രസ്താവിച്ചു.
Story Highlights: Vice-presidential elections: BJD to abstain from voting