എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് വളരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി പറയാൻ ആഗ്രഹിച്ചത് പറഞ്ഞുവെന്നും, കണ്ണൂരിലെ വിവാദങ്ങളിലെ വിമർശനം വ്യക്തിപരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചെങ്കൊടിയുടെ തണലിൽ അധോലോക സംസ്കാരം വളരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ കുറ്റവും സിപിഐഎമ്മിനെന്ന നിലപാട് സിപിഐക്കില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. തുടർഭരണം ജനങ്ങൾ നൽകിയതാണെന്നും, ജനവിധിയെക്കുറിച്ച് എൽഡിഎഫ് ആഴത്തിൽ പഠിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകണമെന്നും, എൽഡിഎഫാണ് ജനങ്ങളുടെ പക്ഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്നും, അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണം പൊട്ടിക്കലിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനങ്ങളോട് നീതി കാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.