**പട്ന (ബിഹാർ)◾:** വഖഫ് നിയമ ഭേദഗതി ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിൽ പൊട്ടിത്തെറി. ജെഡിയു യുവജന വിഭാഗം സംസ്ഥാന ഉപാധ്യക്ഷൻ തബ്രീസ് ഹസൻ ഉൾപ്പെടെ അഞ്ച് നേതാക്കളാണ് പാർട്ടി വിട്ടത്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ സഖ്യത്തിന് ഇത് വലിയ തിരിച്ചടിയാണ്.
ജെഡിയു ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാനവാസ് മാലിക്, സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് തബ്രീസ് സിദ്ദീഖി, ഭോജ്പൂരിലെ പാർട്ടി നേതാവ് മുഹമ്മദ് ദിൽഷൻ റെയിൻ, ജെഡിയുവിന്റെ മുൻ സ്ഥാനാർഥി മുഹമ്മദ് കാസിം അൻസാരി എന്നിവരാണ് പാർട്ടി വിട്ട മറ്റ് നേതാക്കൾ. വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം ജെഡിയുവിന് നഷ്ടമായെന്ന് തബ്രീസ് ഹസൻ തന്റെ രാജിക്കത്തിൽ ആരോപിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിനാണ് തബ്രീസ് ഹസൻ രാജിക്കത്ത് നൽകിയത്. രാജ്യസഭയിൽ 95 നെതിരെ 128 വോട്ടുകൾക്കും ലോക്സഭയിൽ 232 നെതിരെ 288 വോട്ടുകൾക്കുമാണ് ബില്ല് പാസായത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇന്നലെ അർദ്ധരാത്രിക്ക് ശേഷം പാർലമെന്റിൽ ബില്ല് പാസായത്.
ജെഡിയുവിലെ പൊട്ടിത്തെറി എൻഡിഎ സഖ്യത്തിന് വലിയ തിരിച്ചടിയാണ്. മറ്റൊരു എൻഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് ദളിലും (ആർഎൽഡി) നേതാക്കൾ പാർട്ടി വിട്ടു. ഉത്തർപ്രദേശിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷഹസൈബ് റിസ്വി പാർട്ടി വിട്ടു.
മതേതര മൂല്യങ്ങൾ ഉപേക്ഷിച്ചതിന് പാർട്ടി തലവനായ ജയന്ത് ചൗധരിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ആർഎൽഡിയുടെ ജില്ലാ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ മുഹമ്മദ് സഖിയും പാർട്ടി വിട്ടു. വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിർത്ത പ്രതിപക്ഷനിരയിലെ 232 എംപിമാർക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം പാർട്ടി വിട്ടത്.
Story Highlights: Five leaders, including the state vice president of the JDU youth wing, have resigned from the party in Bihar following the party’s support for the Waqf Bill amendment.