Patna◾: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കി. ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ഉൾപ്പെടെ 71 സ്ഥാനാർത്ഥികളുടെ ലിസ്റ്റാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ബിജെപി പ്രഖ്യാപിച്ച 71 അംഗ സ്ഥാനാർത്ഥി പട്ടികയിൽ 9 വനിതകളുണ്ട്. ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സാമ്രാട്ട് ചൗധരി എന്നിവർക്ക് സീറ്റ് നൽകിയിട്ടുണ്ട്. സാമ്രാട്ട് ചൗധരി താരപ്പൂർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. മുതിർന്ന പാർട്ടി നേതാവ് രാം കൃപാൽ യാദവ് ദനാപൂരിൽ നിന്നും മത്സരിക്കും.
മുൻ ഉപ മുഖ്യമന്ത്രി തർകിഷോർ പ്രസാദ് കതിഹാറിൽ നിന്ന് ജനവിധി തേടും. എൻഡിഎ 200ൽ അധികം സീറ്റുകളിൽ വിജയിക്കുമെന്ന് റോഡ് വികസന മന്ത്രി നിതിൻ നബിൻ പ്രസ്താവിച്ചു.
മഹാസഖ്യത്തിന്റെ സീറ്റ് ധാരണ സംബന്ധിച്ച ചർച്ചകൾ പൂർത്തിയായിട്ടുണ്ട്. അതിനാൽ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകാൻ സാധ്യതയുണ്ട്. സിപിഐഎംഎൽ 40 സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എൻഡിഎയിൽ സീറ്റ് ചർച്ചകളിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ സൗഹാർദ്ദപരമായി പരിഹരിച്ചുവെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ വ്യക്തമാക്കി. 25 സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് സിപിഐഎമ്മിന്റെ പ്രതീക്ഷ. സിപിഐഎംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ട്വന്റിഫോറിനോടാണ് ഇക്കാര്യം പറഞ്ഞത്.
Story Highlights: BJP has released its first list of 71 candidates, including deputy chief ministers and ministers, for the Bihar Assembly elections.