അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതോടെ യു.എസിലെ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യത്തിലേക്കാണ് കടക്കുന്നത്. പാർട്ടിയുടെയും രാജ്യത്തിൻ്റെയും താത്പര്യം മുൻനിർത്തിയാണ് താൻ പിന്മാറുന്നതെന്നും കമല ഹാരിസിനെ ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കുന്നു എന്നുമായിരുന്നു ബൈഡൻ്റെ പ്രഖ്യാപനം. എന്നാൽ ഇത് ഡെമോക്രാറ്റിക് നേതൃത്വം സ്വീകരിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് ബൈഡൻ്റെ പിന്മാറ്റം. ട്രംപുമായുള്ള ആദ്യ തെരഞ്ഞെടുപ്പ് സംവാദത്തിലേറ്റ തിരിച്ചടിയും തുടർച്ചയായി പ്രസംഗങ്ങളിലുണ്ടായ നാക്കുപിഴയും ബൈഡന് പ്രായാധിക്യമുണ്ടെന്ന ആരോപണങ്ങൾക്ക് കാരണമായി. എന്നാൽ കമല ഹാരിസിന് പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് അനായാസം നടന്നുകയറാൻ സാധിക്കുകയില്ല എന്നാണ് കരുതുന്നത്. വലിയ ജനപിന്തുണ കമലയ്ക്ക് ഇല്ലാത്തതിനാൽ പാർട്ടി പുതിയൊരു സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചേക്കാം.
അടുത്ത മാസം ചിക്കാഗോയിൽ ചേരുന്ന പാർട്ടിയുടെ ദേശീയ കൺവൻഷനിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയെ കുറിച്ച് തീരുമാനമുണ്ടാകും. കറുത്ത വർഗക്കാരിയായ കമലയെ തള്ളി മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടി മുന്നോട്ട് വെച്ചാൽ അത് ഗുണം ചെയ്യില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചെലവും പാർട്ടിക്ക് മുന്നിൽ പ്രതിസന്ധിയാണ്. പൂജ്യത്തിൽ നിന്ന് പ്രചാരണം തുടങ്ങുക ഒട്ടും എളുപ്പവുമല്ല. വരാനിരിക്കുന്ന നാല് മാസത്തിൽ പൊതുതാത്പര്യം മുൻനിർത്തി സ്ഥാനാർത്ഥിയെ നിർത്താനും ജയിപ്പിച്ച് വൈറ്റ് ഹൗസിൻ്റെ നിയന്ത്രണം നിലനിർത്താനും ഡെമോക്രാറ്റുകൾക്ക് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.