മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച ബെംഗളൂരു മാൾ അടച്ചുപൂട്ടി

Anjana

ബെംഗളൂരുവിലെ ജിടി വേൾഡ് മാളിൽ മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിന് പിന്നാലെ കർണാടക സർക്കാർ ഒരാഴ്ചത്തേക്ക് മാളിൻ്റെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്നാണ് സർക്കാരിൻ്റെ ഈ നടപടി. നഗര വികസന മന്ത്രി ബ്യാരതി സുരേഷ് വ്യക്തമാക്കിയത് നിയമപരമായാണ് മാളിനെതിരെ നടപടി സ്വീകരിച്ചതെന്നാണ്.

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഹാവേരി ജില്ലയിൽ നിന്നുള്ള വയോധികനായ കർഷകൻ ഫകീരപ്പയും അദ്ദേഹത്തിന്റെ മകനും മാളിൽ സിനിമ കാണാനെത്തിയപ്പോൾ, വസ്ത്രധാരണത്തിൽ പ്രശ്നം ഉന്നയിച്ച് സുരക്ഷാ ജീവനക്കാർ അവരെ തടഞ്ഞു. മാളിലെ ചട്ടം അനുസരിച്ച് മുണ്ടുടുത്ത് വരുന്നവർക്ക് പ്രവേശനം നൽകാനാവില്ലെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ ന്യായം. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പുതിയ ഭാരതീയ ന്യായ് സംഹിത അടിസ്ഥാനമാക്കി മാളിനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്യായമായി ഒരാളെ തടഞ്ഞതാണ് കുറ്റം ചുമത്തിയിരിക്കുന്നത്. സംഭവം സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ ആയുധമാക്കി ബിജെപി രംഗത്ത് വന്നിരുന്നു. കർഷക വിരുദ്ധ സർക്കാരെന്നായിരുന്നു സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരായ വിമർശനം.