ബെംഗളൂരു ദസറഹള്ളിയിലെ രാമയ്യ, ഉമാദേവി ദമ്പതികൾക്ക് ഗണേശ ചതുർത്ഥി ആഘോഷത്തിൻ്റെ ഭാഗമായി നിമജ്ജനം ചെയ്ത വിഗ്രഹത്തിൽ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണം നീക്കാൻ മറന്നതിനാൽ അബദ്ധം സംഭവിച്ചു. ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ദമ്പതികൾ വീടിനകത്ത് ഗണേശ വിഗ്രഹം വെച്ചിരുന്നു. ഇതിൽ സ്വർണ മാലയ്ക്കൊപ്പം പൂമാലകളും വെച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു മൊബൈൽ ടാങ്കിൽ ഇവർ വിഗ്രഹം നിമജ്ജനം ചെയ്തത്. ഇതേ ടാങ്കിൽ വേറെയും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്തിരുന്നു. ഒരു മണിക്കൂറിന് ശേഷം ഇതേ സ്ഥലത്ത് തിരിച്ചെത്തിയ കുടുംബം മാല നഷ്ടപ്പെട്ട കാര്യം ഇവിടെ ഉണ്ടായിരുന്ന സംഘാടകരോട് പറഞ്ഞു.
തങ്ങളത് ശ്രദ്ധിച്ചിരുന്നുവെന്നും എന്നാൽ സ്വർണം പൂശിയ മാലയാകുമെന്നാണ് കരുതിയതെന്നും പറഞ്ഞ ഇവർ കുടുംബത്തെ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു. മഗഡി റോഡ് പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബം പരാതി നൽകി. വിവരം എംഎൽഎയെയും ധരിപ്പിച്ചു.
എംഎൽഎ നിർദ്ദേശിച്ച പ്രകാരം ടാങ്ക് സ്ഥാപിച്ച കോൺട്രാക്ടറോട് മാല തിരയാൻ നിർദ്ദേശിച്ചു. പത്തോളം പേർ ഏറെ നേരം പരിശ്രമിച്ചിട്ടും മാല കണ്ടെത്താനായില്ല. ഇതേത്തുടർന്ന് 10000 ലിറ്റർ വെള്ളം കൊള്ളുന്ന ജല സംഭരണി വറ്റിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചു.
ഇതിന് ശേഷം വീണ്ടും അടുത്ത ദിവസം വീണ്ടും ഓരോ വിഗ്രഹങ്ങളായെടുത്ത് പരിശോധിച്ചതിൽ നിന്ന് മാല കണ്ടെത്തി. 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ 60 ഗ്രാം തൂക്കം വരുന്ന സ്വർണമാല ജലസംഭരണി വറ്റിച്ചാണ് വിഗ്രഹത്തിൽ നിന്ന് തിരിച്ചെടുത്തത്. ഇത് കുടുംബത്തിന് തിരികെ നൽകി.
Story Highlights: Bengaluru family forgets to remove Rs 4 lakh gold chain from Ganesha idol during immersion, recovers it after draining water tank