ബെംഗളൂരുവിലെ ഹെന്നൂർ മേഖലയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഏറ്റവും പുതിയ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ബീഹാറിൽ നിന്നുള്ള അന്യസംസ്ഥാന തൊഴിലാളികളാണ്. 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. അതിൽ 13 പേരെ രക്ഷപ്പെടുത്തി. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.
കൃത്യമായ അനുമതിയില്ലാതെയാണ് കെട്ടിട നിർമാണം നടന്നതെന്നാണ് കണ്ടെത്തൽ. ബിൽഡർ, കരാറുകാരൻ, ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചു. നഗരത്തിലുടനീളമുള്ള ഇത്തരം നിർമാണങ്ങൾ കണ്ടെത്തി ഉടൻ നിർത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: Death toll rises to 9 in Bengaluru building collapse, rescue operations continue