ബംഗ്ലാദേശിൽ സംവരണം പുനഃസ്ഥാപിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു. സംവരണം പുനഃസ്ഥാപിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 133 പേർ കൊല്ലപ്പെട്ടിരുന്നു. സർക്കാർ മേഖലയിലെ 93 ശതമാനം ജോലികളിലും നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാകണമെന്ന് കോടതി നിർദേശിച്ചു.
1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബത്തിൽ നിന്നുള്ള യുവാക്കൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതിനെതിരെയായിരുന്നു പ്രക്ഷോഭം. മെറിറ്റ് അടിസ്ഥാനത്തിൽ നിയമനങ്ങൾ നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്ക്കുംവരെ സമരം തുടരുമെന്ന നിലപാടിലായിരുന്നു കലാപകാരികൾ. ധാക്ക സർവകലാശാലയിൽ നിന്നാരംഭിച്ച പ്രതിഷേധം പിന്നീട് വ്യാപകമായി. രാജ്യത്തെ ഔദ്യോഗിക ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാർ അഗ്നിക്കിരയാക്കുകയും ചെയ്തു.
സംവരണം ശരിവെച്ച ഹൈക്കോടതി വിധി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി വിലയിരുത്തിയതായി അറ്റോർണി ജനറൽ എ.എം അമീൻ ഉദ്ദീൻ വ്യക്തമാക്കി. സർക്കാർ ജോലികളിൽ അഞ്ച് ശതമാനം 1971-ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ മക്കൾക്കും രണ്ട് ശതമാനം സംവരണം മറ്റ് വിഭാഗങ്ങൾക്കും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിക്കുകയും ഇന്റർനെറ്റിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.