ബംഗ്ലാദേശിലെ ഹിന്ദുക്കൾ തങ്ങൾക്കെതിരെയുള്ള നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ ലാൽദിഗി മൈതാനിയിൽ വലിയ റാലി സംഘടിപ്പിച്ചു. ഇടക്കാല സർക്കാരിനോട് ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുചേർന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
റാലിയിൽ ചിറ്റഗോങ്ങ്, കോക്സ് ബസാർ, മലയോര ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ചയുടെ വക്താവ് ചിൻമോയ് കൃഷ്ണ ദാസ് അധ്യക്ഷത വഹിച്ച റാലിയിൽ എട്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചു. ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങളിലും മറ്റു ന്യൂനപക്ഷ പീഡന കേസുകളിലും ഇരകൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന അതിവേഗ വിചാരണയ്ക്കായി പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കണമെന്നും ന്യൂനപക്ഷ സംരക്ഷണ നിയമം പാസ്സാക്കണമെന്നും ആവശ്യപ്പെട്ടു.
ന്യൂനപക്ഷ കാര്യങ്ങൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുക, ഹിന്ദു വെൽഫെയർ ട്രസ്റ്റിനെ ഹിന്ദു ഫൗണ്ടേഷനായി ഉയർത്തുക, അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള നിയമങ്ങൾ നിർമ്മിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാർത്ഥനാ മുറികൾ ന്യൂനപക്ഷ ആചാരങ്ങൾക്ക് അനുയോജ്യമാക്കുക, സംസ്കൃതം-പാലി വിദ്യാഭ്യാസ ബോർഡുകൾ നവീകരിക്കുക, ദുർഗ്ഗാ പൂജയ്ക്ക് അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന ആവശ്യങ്ങൾ. ഈ നിർദേശങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്ന് ഹൈന്ദവ സംഘടനകൾ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടു.
Story Highlights: Hindus in Bangladesh hold massive rally in Chittagong demanding minority rights and protection