സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാം; 58 വർഷത്തെ വിലക്ക് നീക്കി കേന്ദ്രം

Anjana

കേന്ദ്രസർക്കാർ സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് നീക്കി. 1966 മുതൽ നിലനിന്നിരുന്ന ഈ വിലക്ക് നീക്കം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വെളിപ്പെടുത്തി. സർക്കാർ ഉത്തരവിന്റെ പകർപ്പ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യ ഈ നടപടിയെ സ്വാഗതം ചെയ്തു.

ഗാന്ധി വധത്തിനുശേഷം 1948-ൽ സർദാർ വല്ലഭായ് പട്ടേൽ ആർഎസ്എസിനെ നിരോധിച്ചിരുന്നു. പിന്നീട് നല്ല പെരുമാറ്റത്തിന്റെ പേരിൽ നിരോധനം നീക്കി. എന്നാൽ 1966-ൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് വീണ്ടും നിരോധനം ഏർപ്പെടുത്തി. ഈ നിരോധനം വാജ്പേയി സർക്കാർ പോലും നീക്കിയിരുന്നില്ലെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺഗ്രസ് ഈ നടപടിയെ രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർഎസ്എസും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്നാണ് ഈ നീക്കമെന്ന് ജയറാം രമേശ് ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ആർഎസ്എസ് യൂണിഫോം ധരിക്കാമെന്ന് സൂചിപ്പിച്ച് കോൺഗ്രസ് പരിഹസിക്കുകയും ചെയ്തു.