**തൃശ്ശൂർ◾:** തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത ശ്രമം തുടരുന്നു. ബാലമുരുകന്റെ പുതിയ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.
വിയ്യൂർ ജയിൽ പരിസരത്ത് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. ഡോഗ് സ്ക്വാഡിലെ ജിപ്സി എന്ന നായയെ ഉപയോഗിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്. ബാലമുരുഗന്റേതെന്ന് സ്ഥിരീകരിച്ച ചെരുപ്പ് ഉപയോഗിച്ചാണ് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ നായ സമീപത്തെ പെട്രോൾ പമ്പ് വരെ പോയിരുന്നു.
ബാലമുരുകനെ തിരികെ കൊണ്ടുവന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായും സംശയമുണ്ട്. പ്രതി ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്തിയതിലും കൈവിലങ്ങ് മാറ്റിയതിലും ഗുരുതരമായ പിഴവുകൾ സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ ബാലമുരുകൻ ഓടി രക്ഷപെട്ടു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്ന് ഏകദേശം 50 മീറ്റർ അകലെ വെച്ച് ഇന്നലെ രാത്രി 9:30 ഓടെയാണ് ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലമുരുകനെ കേരളത്തിൽ എത്തിച്ചത്.
ചാടിപ്പോയ ബാലമുരുകൻ ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയ ശേഷം ആണ് ജയിലിൽ വിവരം അറിയിക്കുന്നത്. ഭക്ഷണം കഴിക്കാൻ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ലെന്ന് തമിഴ്നാട് പൊലീസ് നൽകുന്ന വിശദീകരണം.
കേരളത്തിലും തമിഴ്നാട്ടിലുമായി 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുഗൻ. മുൻപ് രണ്ട് തവണ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ രക്ഷപ്പെട്ടിട്ടുണ്ട്. റോഡരികിൽ സൂക്ഷിക്കുന്ന ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടക്കുന്നതാണ് ഇയാളുടെ പ്രധാന രീതി.
Story Highlights : Police searching for notorious thief Balamurugan; Dog squad also deployed for inspection



















