ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിൽ ഉണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബദരീനാഥിലെ അതിർത്തി ഗ്രാമമായ മനയ്ക്ക് സമീപമുള്ള ബോർഡർ റോഡ്\u200cസ് ഓർഗനൈസേഷൻ (ബിആർഒ) ക്യാമ്പിലാണ് അപകടം നടന്നത്. ഇന്ത്യ-ടിബറ്റ് അതിർത്തിയിലേക്കുള്ള സൈനിക നീക്കത്തിൻ്റെ ഭാഗമായി മഞ്ഞു നീക്കം ചെയ്യൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് ഹിമപാതത്തിൽ അകപ്പെട്ടത്. ക്യാമ്പിൽ ഉണ്ടായിരുന്ന 55 ബിആർഒ തൊഴിലാളികളിൽ 14 പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
\n\nമഞ്ഞിടിച്ചിലിൽ കുടുങ്ങിയവരിൽ ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്. രക്ഷാപ്രവർത്തനത്തിന് മഞ്ഞുവീഴ്ചയും മഴയും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് ഏഴ് അടി ഉയരത്തിൽ മഞ്ഞു വീണു കിടക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു. പരുക്കേറ്റ മൂന്ന് പേരെ ഹെലികോപ്റ്ററിൽ ജോഷിമഠിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
\n\nഎട്ട് പേരെ കൂടി രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. അപകടസമയത്ത് ക്യാമ്പിൽ 55 ബിആർഒ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ അവധിയിലായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും സാഹചര്യങ്ങൾ വിലയിരുത്തി. എത്തിച്ചേരാനാകാത്ത സ്ഥലങ്ങളിൽ നിന്നും എല്ലാവരെയും എത്രയും വേഗം സുരക്ഷിതമായി പുറത്തെത്തിക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: 14 more people rescued from the avalanche in Badrinath, Uttarakhand, as rescue operations continue.