കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. മോശം കാലാവസ്ഥയെ തുടർന്ന് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ നാളെ അതിരാവിലെ തന്നെ രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് തീരുമാനം.
സൂറത്കൽ എൻ ഐ ടിയിൽ നിന്നുള്ള സംഘമാണ് റഡാർ പരിശോധന നടത്തിയത്. നേരത്തെ റഡാറിൽ 3 സിഗ്നലുകൾ ലഭിച്ചിരുന്നെങ്കിലും അവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി സംഭവ സ്ഥലം സന്ദർശിച്ചു. രക്ഷാപ്രവർത്തനം മികച്ച രീതിയിലാണ് നടക്കുന്നതെന്നും സൈന്യം ഇറങ്ങേണ്ട സാഹചര്യമില്ലെന്നും എൻ ഡി ആർ എഫ് സംഘം അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ചീഫ് സെക്രട്ടറിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. മോശം കാലാവസ്ഥയും തുടരുന്ന മണ്ണിടിച്ചിൽ സാധ്യതയും കാരണം രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുന്നു.