**Pathanamthitta◾:** ശബരിമല സംരക്ഷണ സംഗമ വേദിയില് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്ശനവുമായി തമിഴ്നാട് ബിജെപി മുന് അധ്യക്ഷന് കെ അണ്ണാമലൈ രംഗത്ത്. സര്ക്കാര് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അയ്യപ്പസംഗമം നടത്തിയതെന്നും, നിയമസഭാ സ്പീക്കര് ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ വിമര്ശനങ്ങള്.
അയ്യപ്പനോട് ആത്മാര്ത്ഥതയുണ്ടെങ്കില് സുപ്രീംകോടതിയില് സര്ക്കാര് നല്കിയ സത്യവാങ്മൂലം തിരുത്തണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു. ഭക്തരെ എങ്ങനെ കാണണമെന്നതിനെക്കുറിച്ച് പിണറായി വിജയന് ആരെയും പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പരിഹസിച്ചു. കണ്ണാടിയില് നോക്കി സ്വയം പഠിച്ചാല് മതി. 2018-ല് അയ്യപ്പഭക്തരെ അടിച്ചമര്ത്തിയവര്ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്നും അണ്ണാമലൈ ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും കെ. അണ്ണാമലൈ വിമര്ശിച്ചു. വോട്ടിനുവേണ്ടി പിണറായിയും സ്റ്റാലിനും നാസ്തിക നാടകം കളിക്കുന്നു. സനാതന ധര്മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചതെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
രാവിലെ വികസനം, വിശ്വാസം, സുരക്ഷ എന്നീ വിഷയങ്ങളില് സെമിനാറുകളോടെയാണ് പരിപാടികള് ആരംഭിച്ചത്. വിവിധ സംഘപരിവാര് നേതാക്കള് സെമിനാറുകളില് പങ്കെടുത്തു. തുടര്ന്ന് ഉച്ചയ്ക്ക് ശേഷം നടന്ന ഭക്തജന സംഗമം കെ. അണ്ണാമലൈ ഉദ്ഘാടനം ചെയ്തു.
ശബരിമല സംരക്ഷണ സംഗമത്തിന് ശബരിമല തന്ത്രിയും മകനും ചേര്ന്ന് ദീപം തെളിയിച്ചു. ബിജെപി നേതാവ് തേജസ്വി സൂര്യ ഉള്പ്പെടെയുള്ള പ്രമുഖര് പരിപാടിയില് പങ്കെടുത്തു. വീരമണിയുടെ പ്രസിദ്ധമായ ഗാനം മകന് വീരമണി കണ്ണന് വേദിയില് ആലപിച്ചു.
k annamalai slams pinarayi vijayan on global ayyappa sangamam
Story Highlights: Tamil Nadu BJP leader K Annamalai criticizes Kerala CM Pinarayi Vijayan at Sabarimala Samrakshana Sangamam, questioning his government’s handling of Ayyappa devotees and inviting criticism of MK Stalin.