കേന്ദ്രമന്ത്രിസഭ ആയുഷ്മാന് ഭാരത് പദ്ധതി വിപുലീകരിക്കാന് തീരുമാനിച്ചു. 70 വയസും അതില് കൂടുതലുമുള്ളവര്ക്ക് വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്കുന്നതാണ് ഈ വിപുലീകരണത്തിന്റെ ലക്ഷ്യം. ഇതോടെ രാജ്യത്തെ 4.5 കോടി കുടുംബങ്ങള്ക്ക് കൂടി സൗജന്യ ഇന്ഷുറന്സ് ലഭ്യമാകും. പദ്ധതിക്കു കീഴില് 5 ലക്ഷം രൂപയുടെ സൗജന്യ കവറേജാണ് ഉപയോക്താക്കള്ക്കു ലഭിക്കുക.
AB PMJAY കവറേജുള്ള കുടുംബത്തിലെ 70 വയസിന് മുകളില് പ്രായമുള്ള മുതിര്ന്ന പൗരന്മാര്ക്ക് പ്രതിവര്ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്അപ്പ് പരിരക്ഷ ലഭിക്കുമെന്നാണ് കേന്ദ്ര സര്ക്കാര് വ്യക്തമാക്കിയത്. സെന്ട്രല് ഗവണ്മെന്റ് ഹെല്ത്ത് സ്കീം, എക്സ് സര്വീസ്മെന് കോണ്ട്രിബ്യൂട്ടറി ഹെല്ത്ത് സ്കീം, ആയുഷ്മാന് സെന്ട്രല് ആംഡ് പൊലീസ് ഫോഴ്സ് തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്ഷുറന്സ് സ്കീമുകളുടെ ഗുണഭോക്താക്കള്ക്ക് നിലവിലുള്ള സ്കീം തുടരാനോ AB PMJAY തെരഞ്ഞെടുക്കാനോ അവസരമുണ്ട്.
എന്നാല് സംസ്ഥാന സര്ക്കാരുകള് പദ്ധതിയിലേക്ക് നല്കുന്ന ഫണ്ട് കുറഞ്ഞതോടെ സ്വകാര്യ ആശുപത്രികള് പദ്ധതിയില് നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്ട്ടുകള് പുറത്തു വന്നിട്ടുണ്ട്. റീയിമ്പേഴ്സമെന്റ് ലഭിക്കുന്നതിലെ കാലതാമസം കാരണമായി ചില സ്വകാര്യ ആശുപത്രികള് AB PM-JAY പദ്ധതി ഗുണഭോക്താക്കളെ ഒഴിവാക്കിയതായും റിപ്പോര്ട്ടുകളുണ്ട്. മേയ് മാസത്തിലെ കണക്കുകള് പ്രകാരം പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 30,178 ആശുപത്രികളാണ് പദ്ധതിയില് ഭാഗമായിട്ടുള്ളത്.
Story Highlights: Ayushman Bharat scheme expanded to cover senior citizens above 70 years, regardless of income, providing free health insurance up to 5 lakhs