അയോധ്യയിലെ രാം പഥ് റോഡിൽ വെള്ളം കയറി; ആറ് ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ടു

Anjana

അയോധ്യയിലെ രാം പഥ് റോഡിൽ വെള്ളം കയറി; ആറ് ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ടു

അയോധ്യയിൽ പുതുതായി നിർമ്മിച്ച 14 കിലോമീറ്റർ നീളമുള്ള രാം പഥ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് സർക്കാർ കർശന നടപടികൾ സ്വീകരിച്ചു. സിവിൽ ഏജൻസികളിലെ ആറ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ സർക്കാർ പ്രതിരോധത്തിലായി. റോഡ് നിർമ്മിച്ച കരാറുകാരന് സർക്കാർ നോട്ടീസ് നൽകുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂൺ 23 നും 25 നും പെയ്ത കനത്ത മഴയെ തുടർന്നാണ് റോഡിൽ വെള്ളം കയറിയത്. ഓടകളിൽ നിന്ന് വെള്ളം റോഡിലേക്ക് കയറിയതോടെ യാത്രക്കാർ ദുരിതത്തിലായി. രാം പഥ് റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള വീടുകളും വെള്ളത്തിലായി. സംഭവത്തിൽ സമാജ്‌വാദി പാർട്ടിയും സ്ഥലം എംപിയായ അവധേഷ് പ്രസാദും ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

പൊതുമരാമത്ത് വകുപ്പിലെയും ഉത്തർപ്രദേശ് ജൽ നിഗമിലെയും ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ധ്രുവ് അഗർവാൾ, അനൂജ് ദേശ്‌വാൾ, പ്രഭാത് പാണ്ഡെ, ആനന്ദ് കുമാർ ദുബെ, രാജേന്ദ്ര കുമാർ യാദവ്, മുഹമ്മദ് ഷാഹിദ് എന്നിവരാണ് സസ്പെൻഷനിലായത്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഫൈസാബാദിൽ നിന്നുള്ള എംപി അവധേഷ് പ്രസാദ് രംഗത്തെത്തി.

അതേ ദിവസങ്ങളിൽ പെയ്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിലും വെള്ളം കയറിയിരുന്നു. രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ശ്രീകോവിലുൾപ്പടെ ആദ്യ മഴയിൽ ചോർന്നുവെന്ന് മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് ആരോപിച്ചു. എന്നാൽ, ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ കാരണമാണ് വെള്ളം കയറിയതെന്ന് വിശദീകരിച്ചു. സംഭവത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെ ഇന്ത്യ സഖ്യ നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചു.