തുമ്പ(തിരുവനന്തപുരം)◾ സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർക്കു ഗുരുതര പരുക്ക്. പുത്തൻ തോപ്പ് റെയിൻബോ ഹൗസിൽ ജോസ് പെരേര(71) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ വെട്ടുതുറ സാം കോട്ടേജിൽ രാജു പീറ്ററിനാണ് പരുക്കേറ്റത്. ഇദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രാത്രി 10 മണിയോടെ ആയിരുന്നു അപകടം.
തുമ്പ ഭാഗത്ത് നിന്നും പുത്തൻതോപ്പിലേക്കു പോയ ഓട്ടോറിക്ഷ സെന്റ് ആൻഡ്രൂസ് ബീച്ചിനു സമീപത്ത് വച്ച് നിയന്ത്രണം വിട്ട് അതുവഴി നടന്നു പോയ ജോസ് പെരേരയെ ഇടിച്ചു വീഴ്ത്തിയ ശേഷം മതിലിൽ ഇടിച്ചു കയറി. കഴക്കൂട്ടത്തു നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘമാണ് ആണ് ഓട്ടോറിക്ഷ ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്. 108 ആംബുലൻസിൽ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസ് പെരേര മരിച്ചു. മൃതദേഹം ഇന്ന് പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിൽ സംസ്കരിക്കും.
Story Highlights: A pedestrian died after being hit by an auto-rickshaw near St. Andrews Beach in Thiruvananthapuram.