Alappuzha◾: 18 പവൻ സ്വർണവുമായി കാരക്കാട്ടെ കല്യാണ വീട്ടിലേക്ക് പ്രസന്നകുമാർ എത്തിയപ്പോൾ ആ വീട് മരണവീട് പോലെ നിശബ്ദമായിരുന്നു. ആ കാഴ്ചയിൽ, ഓട്ടോ ഡ്രൈവർ കൂടിയായ പ്രസന്നകുമാറിനെ കണ്ടതും അവിടെയുണ്ടായിരുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അതോടൊപ്പം പ്രസന്നകുമാറിനോടുള്ള നന്ദിയും അവർ പ്രകടിപ്പിച്ചു.
ഞായറാഴ്ച രാത്രിയാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊല്ലം പള്ളിത്തോട്ടത്തുനിന്ന് നവദമ്പതിമാരായ അനീഷും നയനയും ബന്ധുക്കളോടൊപ്പം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് ആൽബർട്ടിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ്. അവിടെ നിന്ന് പ്രസന്നകുമാറിൻ്റെ ഓട്ടോയിലാണ് ഇവർ ജയിംസിന്റെ വീട്ടിലെത്തിയത്. എന്നാൽ, 18 പവന്റെ ആഭരണങ്ങൾ അടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നുവച്ചെന്ന് അവർ അറിയുന്നത് ഓട്ടോ തിരികെ പോയശേഷമാണ്.
ബാഗ് നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ അനീഷും നയനയും പരിഭ്രാന്തരായി. ഉടൻതന്നെ അവർ നോർത്ത് പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.
അതിനിടെ ഓട്ടം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് പ്രസന്നകുമാറിന് ഓട്ടോയിൽ ഒരു ബാഗ് ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം ഒട്ടും താമസിക്കാതെ ആ ബാഗുമായി കല്യാണവീട്ടിലേക്ക് പോയി. തുടർന്ന് സ്വർണമടങ്ങിയ ബാഗ് നയനയെ ഏൽപ്പിക്കുകയായിരുന്നു.
മുപ്പത് വർഷം ചെത്തുതൊഴിലാളിയായി ജോലി ചെയ്ത പ്രസന്നകുമാർ, ഒരു വർഷം മുൻപാണ് സ്വന്തമായി ഒരു ഓട്ടോറിക്ഷ വാങ്ങുന്നത്. സത്യസന്ധതയും മനുഷ്യ സ്നേഹവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിർത്തുന്നു.
ഇങ്ങനെയുള്ള മനുഷ്യരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. അദ്ദേഹത്തിന്റെ ഈ പ്രവർത്തി മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.
Story Highlights : Auto driver returns forgotten 18-carat gold to couple