**Indore (Madhya Pradesh)◾:** വനിതാ ലോകകപ്പിൽ കളിക്കുന്ന രണ്ട് ഓസ്ട്രേലിയൻ വനിതാ താരങ്ങൾക്കുനേരെ ലൈംഗികാതിക്രമം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടീം അംഗങ്ങൾക്കെതിരെ അതിക്രമം നടന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. മധ്യപ്രദേശ് ഇൻഡോറിലെ കഫേയിൽ നിന്ന് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു താരങ്ങൾ. ഈ സമയം ഓസ്ട്രേലിയൻ വനിതാ താരങ്ങൾക്കുനേരെ ഒരാൾ അതിക്രമം നടത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഓസ്ട്രേലിയൻ ടീം സുരക്ഷാ മാനേജർ ഡാനി സിമൺസ് എംഐജി പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അക്രമിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു.
ഇന്ന് ന്യൂസിലൻഡിനെതിരെ ഓസ്ട്രേലിയൻ വനിതാ ടീം അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിക്കാനിറങ്ങും. ഇൻഡോറിലെ ഹോൾകർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തിനായി എത്തിയ ടീം അംഗങ്ങൾക്കുനേരെയാണ് അതിക്രമം ഉണ്ടായത്.
ടീമിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും, കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, വനിതാ താരങ്ങൾക്കെതിരായ അതിക്രമത്തിൽ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ ക്രിക്കറ്റ് ലോകവും ഞെട്ടൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights : Two Australian Players Allegedly Molested In Indore
Story Highlights: Two Australian women cricketers were allegedly molested in Indore, leading to the arrest of the perpetrator.



















