**തൃപ്പൂണിത്തുറ◾:** തൃപ്പൂണിത്തുറയിൽ ഓണത്തിന്റെ വരവറിയിച്ച് അത്തച്ചമയ ആഘോഷങ്ങൾക്ക് തുടക്കമായി. ഗവൺമെന്റ് ബോയ്സ് സ്കൂളിലെ അത്തംനഗറിൽ മന്ത്രി പി. രാജീവ് അത്തപതാക ഉയർത്തി. നിരവധി കലാകാരന്മാർ വാദ്യഘോഷങ്ങളോടും നാടൻ കലാരൂപങ്ങളോടും കൂടി ഘോഷയാത്രയിൽ അണിനിരക്കുന്നു.
മന്ത്രി എം.ബി. രാജേഷാണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത്. അത്തച്ചമയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ആഘോഷമാണെന്നും മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെ തൃപ്പൂണിത്തുറ നഗരഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നടൻ പിഷാരടി, എംഎൽഎ കെ. ബാബു, എറണാകുളം ജില്ലാ കളക്ടർ, നഗരസഭാ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി തിരികെ സ്കൂൾ ഗ്രൗണ്ടിൽ എത്തുമ്പോൾ സമാപിക്കും. സംസ്ഥാനത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള കലാകാരൻമാർ ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും മറ്റ് കലാരൂപങ്ങളുമായി ഘോഷയാത്രയിൽ പങ്കുചേരും.
നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന ഈ ഘോഷയാത്രയിൽ സുരക്ഷാക്രമീകരണങ്ങൾക്കായി 450 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
ഇതോടെ ഈ വർഷത്തെ അത്തച്ചമയഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കമായിരിക്കുകയാണ്.
Story Highlights: Tripunithura Atthachamaya celebrations begin, marking the start of Onam festivities with cultural performances and a grand procession.