ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന; ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ മാറ്റം

Anjana

Atishi Marlena Delhi Chief Minister

ഡൽഹിയിൽ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേനയെ ആം ആദ്മി പാർട്ടി നിർദേശിച്ചു. അടുത്ത തെരഞ്ഞെടുപ്പ് വരെ അതിഷിയെ മുഖ്യമന്ത്രിയാക്കാൻ നിയമസഭാ കക്ഷിയോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു. 11 വർഷത്തിനു ശേഷം അരവിന്ദ് കെജ്രിവാളിന് പകരം ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി വരികയാണ്. ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കും അതിഷി.

അതിഷിയുടെ പേര് നിർദേശിച്ചത് അരവിന്ദ് കെജ്രിവാൾ തന്നെയാണ്. സാമൂഹ്യ പ്രവർത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീട് പ്രതിസന്ധി ഘട്ടത്തിൽ ആം ആദ്മിക്ക് വേണ്ടി ഡൽഹിയുടെ ഭരണചക്രം തിരിച്ച അതിഷിയിൽ കെജ്രിവാൾ വിശ്വാസമർപ്പിക്കുന്നതിൽ അത്ഭുതമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

1981 ജൂൺ എട്ടിന് ഡൽഹിയിൽ ജനിച്ച അതിഷി, സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദവും ഓക്സ്ഫഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 2013ൽ ആം ആദ്മി പാർട്ടിയിൽ ചേർന്ന അവർ, 2020ൽ കൽക്കാജി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെജ്രിവാൾ മന്ത്രിസഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം തുടങ്ങി 14 വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു. ഡൽഹിയിൽ എഎപിയുടെ ഭരണതുടർച്ചയ്ക്ക് സഹായകരമായ പരിഷ്കരണ നടപടികളുടെ ചുക്കാൻ അതിഷിക്കായിരുന്നു. നിലവിൽ മമത ബാനർജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലുള്ള വനിത അതിഷിയാകും.

Story Highlights: Atishi Marlena set to become Delhi’s new Chief Minister, marking a significant change in AAP leadership

Leave a Comment