സിനിമാ ലോകത്ത് സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ, നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ പൂർണമായും ഒരു സ്ത്രീ പക്ഷ സിനിമയുമായി എത്തുന്നു. എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്തുള്ള പൈങ്ങാരപ്പിള്ളിയിൽ ചിത്രീകരണം നടന്നുവരുന്ന ഈ സിനിമയ്ക്ക് ഇതുവരെ പേര് നൽകിയിട്ടില്ല. നല്ല സിനിമയുടെ ബാനറിൽ ഫയാസ് മുഹമ്മദും ഫറാസ് മുഹമ്മദും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു തറവാടിനെ പ്രധാന പശ്ചാത്തലമാക്കിയുള്ള കഥയാണ് ഈ ചിത്രത്തിന്റേത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആത്മീയാരാജനാണ്. ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയ നടിയാണ് ആത്മീയ. ഇതിലെ ജാനകി എന്ന ജാനു എന്ന കഥാപാത്രം ആത്മീയയെ മുൻനിരയിലേക്ക് ഉയർത്താൻ ഏറെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. താരപ്പൊലിമയേക്കാൾ കാമ്പുള്ള ഒരു കഥയും അതിന് അനുസരിച്ചുള്ള അഭിനേതാക്കളേയും ഉൾപ്പെടുത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം.
ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്നതോടെയാണ് ചിത്രത്തിന്റെ കഥാവികസനം ആരംഭിക്കുന്നത്. കുടുംബജീവിതത്തെക്കുറിച്ച് ഏറെ ബോധ്യവും ഉറച്ച തീരുമാനങ്ങളുമുള്ള ജാനകിയുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം. ശക്തമായ ഒരു കുടുംബകഥ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ഇതിലൂടെ. പുതുമുഖം ഫഹദ് സിദ്ദിഖാണ് നായകൻ. ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ, കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
Story Highlights: Newcomer Unnidas Koodathil directs a women-centric film starring Athmiya Rajan, set against the backdrop of a traditional family in Kerala.