ചന്ദ്രനിലേക്കുള്ള പുതിയ ദൗത്യത്തിൽ നാസയുടെ പേടകം ഭൂമിയുടെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി. ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് പേടകം വിക്ഷേപിച്ചത്. ഇന്റ്യൂയിറ്റീവ് മെഷീൻസ് എന്ന സ്വകാര്യ കമ്പനിയുടെ അഥീന മൂൺ ലാൻഡറും നാസയുടെ ലൂണാർ ട്രെയിൽബ്ലേസറുമാണ് ഈ ദൗത്യത്തിലുള്ളത്. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ ഭൂമിയുടെ സെൽഫി ചിത്രങ്ങൾ അഥീന മൂൺ ലാൻഡർ പകർത്തി.
ഐഎം-2 (IM-2) എന്നാണ് ഈ ചാന്ദ്ര ദൗത്യം അറിയപ്പെടുന്നത്. നാസയുടെ കൊമേഴ്സ്യൽ ലൂണാർ പേലോഡ് സർവീസിന്റെ (CLPS) ഭാഗമാണിത്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയുകയാണ് അഥീനയുടെ പ്രധാന ലക്ഷ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കിലോമീറ്റർ ദൂരത്താണ് അഥീന ലാൻഡർ ഇറങ്ങുക. ലാൻഡിംഗ് വിജയകരമെങ്കിൽ ദക്ഷിണധ്രുവത്തിന് ഏറ്റവുമടുത്ത് ഇറങ്ങുന്ന ചാന്ദ്ര പേടകമായിരിക്കും ഇത്.
അഥീന ലാൻഡർ സുഖമായിരിക്കുന്നുവെന്നും ഭൂമിയിലേക്ക് സെൽഫികൾ അയക്കുന്നുവെന്നും ഇന്റ്യൂയിറ്റീവ് മെഷീൻസ് ട്വീറ്റ് ചെയ്തു. സൗരോർജ്ജത്താൽ ചാർജ് ചെയ്യപ്പെടുന്ന പേടകം ഹൂസ്റ്റണിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് സന്ദേശങ്ങൾ കൈമാറുന്നുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നൊരുക്കമായി എഞ്ചിൻ ജ്വലനങ്ങൾക്കായി തയ്യാറെടുക്കുകയാണ്. മാർച്ച് ആറിനാണ് ചന്ദ്രനിൽ ഇറങ്ങാൻ കണക്കുകൂട്ടുന്നത്.
ഹൂസ്റ്റൺ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയായ ഇന്റ്യൂയിറ്റീവ് മെഷീൻസ് നിർമ്മിച്ച രണ്ടാം മൂൺ ലാൻഡറാണ് അഥീന. അഥീനയിൽ നാസയുടെ 10 ശാസ്ത്രീയ ഉപകരണങ്ങളുണ്ട്. ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം തിരിച്ചറിയാനുള്ള ഗവേഷണങ്ങൾ അഥീന ലാൻഡറും പേലോഡിലെ മറ്റ് ഉപകരണങ്ങളും നടത്തും. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും.
ചന്ദ്രോപരിതലത്തിൽ നിന്ന് മൂന്ന് അടി താഴേക്ക് കുഴിക്കാനും സാംപിൾ ശേഖരിക്കാനും ഈ ഉപകരണത്തിന് കഴിയും. ആകെ മൂന്ന് ലാൻഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്. ചന്ദ്രനിൽ ആദ്യമായി മൊബൈൽ നെറ്റ്വർക്ക് സ്ഥാപിക്കാനുള്ള ഉദ്യമവും ഈ ദൗത്യം വഹിക്കും. ചന്ദ്രനിൽ 4G/LTE നെറ്റ്വർക്കാണ് സ്ഥാപിക്കുന്നത്.
നോക്കിയക്ക് വേണ്ടി ലൂണാർ ഔട്ട്പോസ്റ്റ് എന്ന കമ്പനിയാണ് 4ജി നെറ്റ്വർക്ക് സ്ഥാപിക്കാനായി ‘MAPP’എന്ന് പേരുള്ള ഈ റോവർ നിർമ്മിച്ചിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള നാസയുടെ Artemis ദൗത്യത്തിന്റെ തയ്യാറെടുപ്പ് കൂടിയാകും അഥീന പേലോഡ് ശേഖരിക്കുന്ന നിർണായക വിവരങ്ങൾ.
Story Highlights: NASA’s Athena moon lander captures stunning selfies of Earth during its lunar mission.