നടൻ ആസിഫ് അലി തനിക്ക് ലഭിച്ച എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ചു. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. താൻ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണെന്നും, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകുമെങ്കിലും അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി വ്യക്തമാക്കി. ലെവൽ ക്രോസ് എന്ന ചിത്രത്തിന്റെ പ്രമോഷനായി കൊച്ചി സെന്റ് ആൽബർട്സ് കോളജിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർത്ഥികളും കോളജ് അധികൃതരും ആസിഫ് അലിക്ക് വമ്പൻ വരവേൽപ്പാണ് നൽകിയത്.
അതേസമയം, ആസിഫ് അലിയെ അവഹേളിച്ച സംഭവത്തിൽ രമേശ് നാരായണനോട് ഫെഫ്ക വിശദീകരണം തേടി. രമേശ് നാരായണന് വീഴ്ച സംഭവിച്ചെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ആസിഫ് അലിയോട് ഫെഫ്ക ഖേദം പ്രകടിപ്പിച്ചു. പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്നും ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. രമേശ് നാരായണന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കുമെങ്കിലും ആസിഫിനോടല്ല അത് കാണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചതായി ബി ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി. ഇതൊന്നും സീരിയസായി കാണുന്നില്ലെന്നാണ് ആസിഫ് പറഞ്ഞത്. ആസിഫ് രമേശ് നാരായണനെ അങ്ങോട്ട് വിളിക്കാമെന്ന് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, വളരെ വിശാലമായും പക്വമായുമാണ് അദ്ദേഹം പ്രതികരിച്ചതെന്നും ബി ഉണ്ണികൃഷ്ണൻ പ്രശംസിച്ചു. ആസിഫിനോടും അമ്മ നേതൃത്വത്തോടും ഖേദം അറിയിച്ചിട്ടുണ്ടെന്നും വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.