ആഡംബര നൗകയ്ക്ക് തന്റെ പേരിട്ടതറിഞ്ഞപ്പോൾ സന്തോഷവും അഭിമാനവും തോന്നിയെന്ന് നടൻ ആസിഫ് അലി വെളിപ്പെടുത്തി. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. താൻ വാർത്തകളിലൂടെയാണ് ഇത് അറിഞ്ഞതെന്നും കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേയെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരവായാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നൽകിയത്. നൗകയിൽ ആസിഫ് അലി എന്ന് പേര് പതിപ്പിച്ചു കഴിഞ്ഞിട്ടുണ്ടെന്നും രജിസ്ട്രേഷൻ ലൈസൻസിലും ഈ പേര് നൽകുമെന്നും ഡി3 ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെഫീഖ് മുഹമ്മദ് അലി നേരത്തെ വ്യക്തമാക്കിയിരുന്നു.
‘എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെ താഴെ ഒരു കമന്റ് വന്നത് എങ്കിൽ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂ എന്നാണ്. എല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ ഒരാൾക്ക് തോന്നി, അതിൽ ഒരുപാട് സന്തോഷം. അദ്ദേഹത്തെ ഒരുപാട് പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു,’ ആസിഫ് അലി കൂട്ടിച്ചേർത്തു. വഷളാകുമായിരുന്ന വിഷയം പക്വതയോടെ കൈകാര്യം ചെയ്ത ആസിഫ് അലി എല്ലാവർക്കും മാതൃകയാണെന്നും ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു.