ഗുജറാത്തിലെ ഭുജ് ജില്ലയിലുള്ള മാധാപർ ഗ്രാമം ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമമായി അറിയപ്പെടുന്നു. 32,000 ജനസംഖ്യയുള്ള ഈ ഗ്രാമത്തിൽ ജനങ്ങളുടെ ആകെ സ്ഥിര നിക്ഷേപം ഏഴായിരം കോടി രൂപയാണ്. പട്ടേൽ സമുദായാംഗങ്ങൾ താമസിക്കുന്ന ഈ ഗ്രാമത്തിൽ 20,000 ത്തോളം വീടുകളുണ്ട്. ഗ്രാമത്തിൽ എച്ച്ഡിഎഫ്സി, എസ്ബിഐ, പിഎൻബി, ആക്സിസ്, ഐസിഐസിഐ, യൂണിയൻ ബാങ്ക് തുടങ്ങി 17 ബാങ്കുകൾക്ക് ശാഖകളുണ്ട്.
മാധാപർ ഗ്രാമത്തിലെ 65% ജനങ്ങളും വിദേശത്താണ് താമസിക്കുന്നത്. ഇവർ നാട്ടിലെ ബാങ്കിലും പോസ്റ്റ് ഓഫീസ് അക്കൗണ്ടിലുമായാണ് തങ്ങളുടെ സമ്പാദ്യം സൂക്ഷിച്ചിരിക്കുന്നത്. ആഫ്രിക്കയിൽ കൺസ്ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന മാധാപർ സ്വദേശികളായ കുടുംബങ്ങളുടേതാണ് ഈ ബാങ്കുകളിലെ നിക്ഷേപങ്ങളിൽ സിംഹഭാഗവും. കൂടാതെ യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലും മാധാപർ സ്വദേശികൾ താമസിക്കുന്നുണ്ട്.
വിദേശത്ത് നിന്ന് ഇവർ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ട് പ്രദേശത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. സ്കൂളുകൾ, കോളേജുകൾ, ഹെൽത്ത് സെൻ്ററുകൾ, അണക്കെട്ട്, തടാകം, ക്ഷേത്രം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ലണ്ടനിൽ മാധാപർ വില്ലേജ് അസോസിയേഷൻ രൂപീകരിച്ച് യുകെയിലുള്ള നാട്ടുകാരുടെ കൂട്ടായ്മയും ഇവർ സാധ്യമാക്കിയിട്ടുണ്ട്.
Story Highlights: Madhapar village in Gujarat’s Bhuj district is known as Asia’s richest village with total fixed deposits of 7,000 crore rupees.