മലയാള സിനിമയുടെ ധാർമികത തെളിയിക്കുന്നതാണ് അമ്മയിലെ കൂട്ടരാജിയെന്ന് നടൻ അശോകൻ പ്രതികരിച്ചു. ഈ രാജി സന്തോഷവും അഭിമാനവും ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പ്രാതിനിധ്യം അധികാര സ്ഥാനങ്ങളിൽ വേണമെന്നും സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്നും അശോകൻ അഭിപ്രായപ്പെട്ടു. സിനിമയെ മറയാക്കി പ്രവർത്തിക്കുന്ന ക്രിമിനലുകളെ പുറത്താക്കണമെന്നും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തിയവർ നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ അമ്മ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശനം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. മോഹൻലാലും ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. പുതിയ കമ്മിറ്റി നിലവിൽ വരുന്നതുവരെ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകുമെന്നും ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരുമെന്നും അറിയിച്ചു.
സിനിമ ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ലെന്ന് അശോകൻ പറഞ്ഞു. നിലവിലെ സംഭവങ്ങൾ പൊതു സമൂഹത്തിനുമുന്നിൽ സിനിമ മേഖലയെ കളങ്കപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അഭിനയിച്ച സെറ്റുകളിൽ മുൻപ് ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വരിക, ജോലി എടുക്കുക, വീട്ടിൽ പോവുക എന്നതാണ് തൻറെ രീതിയെന്നും അശോകൻ വ്യക്തമാക്കി.
Story Highlights: Actor Ashokan reacts to mass resignation in AMMA, calls for ethical cleansing in Malayalam cinema