തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവേദിയിൽ നിരാഹാര സമരം നടത്തിവന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദുവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തിവരികയായിരുന്നു എം എ ബിന്ദു. ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റിയതിനെ തുടർന്ന് ബീന പീറ്റർ നിരാഹാര സമരം ഏറ്റെടുത്തു.
ഷൈലജ, തങ്കമണി എന്നിവരും ബിന്ദുവിനൊപ്പം നിരാഹാര സമരത്തിൽ പങ്കെടുത്തിരുന്നു. ആശാവർക്കർമാരുടെ രാപ്പകൽ സമരം ഒന്നര മാസവും നിരാഹാര സമരം ഏഴു ദിവസവും പിന്നിട്ടിരിക്കുകയാണ്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സമരം ദിവസങ്ങൾ നീണ്ടുപോകുമ്പോഴും ആവശ്യങ്ങൾ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ആശാ വർക്കേഴ്സ്. സമരം ശക്തമാകുന്നതിനിടെ ആശാ പ്രവർത്തകരുടെ സമരം ഇത്രയധികം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ അത് ചെയ്യുന്നവരെ പരിഹസിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ജോയ് മാത്യു വിമർശിച്ചു. ആണുങ്ങളുടെ ഭാഗത്തുനിന്നാണ് ഈ പരിഹാസമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. ഒരു ചർച്ചയ്ക്ക് പോലും വിളിക്കാതെ ഒഴിഞ്ഞുമാറുന്ന ഭീരുത്വത്തിന്റെ പേരാണ് പരിഹാസമെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.
ആശാവർക്കർമാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഇതുവരെ സർക്കാർ ഡോക്ടർമാർ എത്തിയിട്ടില്ലെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ആരോപിച്ചു. ജനാധിപത്യം എന്നൊന്നില്ലെന്നും അതൊക്കെ വെറുതെ പറയുന്നതാണെന്നും ഇന്ത്യ ഭരിക്കുന്നവരുടെ അതേ നയമാണ് ഇവിടെയുമെന്നും ജോയ് മാത്യു പറഞ്ഞു.
Story Highlights: Kerala Asha Workers Association state general secretary M A Bindu, who was on a hunger strike, was hospitalized due to deteriorating health.