ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന് കരുത്തേകാൻ രണ്ട് മലയാളി താരങ്ങൾ എത്തുന്നു. വയനാട് സ്വദേശിനി സജന സജീവനും തിരുവനന്തപുരം സ്വദേശിനി ആശ ശോഭനയും ഇന്ത്യയുടെ പതിനഞ്ചംഗ ടീമിൽ ഇടം നേടി. ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി വനിതകളെന്ന ചരിത്രനേട്ടം ഇരുവരും സ്വന്തമാക്കി.
ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധനയാണ്. ഷെഫാലി വർമ്മ, ദീപ്തി ശർമ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാകർ, രേണുക സിംഗ് താക്കൂർ, അരുന്ധതി റെഡ്ഡി, ദയാലൻ ഹേമലത, രാധ യാദവ്, ശേയങ്ക പാട്ടീൽ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. ഒക്ടോബർ മൂന്ന് മുതൽ യുഎഇയിലാണ് ലോകകപ്പ് നടക്കുന്നത്. നാലിന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ടീമിൽ ഇടം നേടിയ സന്തോഷം ആശ ആദ്യമായി പങ്കുവച്ചത് ട്വന്റി ഫോറിലൂടെയാണ്. ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ വളരെ സന്തോഷമുണ്ടെന്നും, മലയാളി താരമായ സജനയും ഉണ്ടായതിൽ ഏറെ സന്തോഷമുണ്ടെന്നും ആശ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും, ലോകകപ്പിൽ ഇന്ത്യ ജയിക്കണമെന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും അവർ കൂട്ടിച്ചേർത്തു. ആറിന് പാകിസ്ഥാനെയും ഒൻപതിന് ശ്രീലങ്കയെയും പതിമൂന്നിന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും. ബംഗ്ലാദേശിലെ സുരക്ഷാ പ്രശ്നങ്ങൾ മൂലം ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Story Highlights: Two Malayalam players, Sajna Sajeevan and Asha Shobhana, make history by joining India’s T20 World Cup team