ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഒമ്പത് വർഷത്തോളം താമസിച്ചിരുന്ന 6 ഫ്ലാഗ്സ്റ്റാഫ് റോഡിലെ വസതിയിൽ നിന്നും 5 ഫിറോസ്ഷാ റോഡിലെ ബംഗ്ലാവിലേക്കാണ് കെജ്രിവാളും കുടുംബവും മാറിയത്. പഞ്ചാബിൽ നിന്നുള്ള എഎപി രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ച ഈ പുതിയ വസതി എഎപി ആസ്ഥാനത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
കെജ്രിവാളിനും കുടുംബത്തിനും വസതിയിലെ ജീവനക്കാർ വൻ യാത്രയയപ്പാണ് നൽകിയത്. രണ്ട് മിനി ട്രക്കുകളിലായാണ് കുടുംബത്തിൻ്റെ വീട്ടുപകരണങ്ങൾ കൊണ്ടുപോയത്. ഭാര്യ സുനിത, മകൻ, മകൾ, മാതാപിതാക്കൾ എന്നിവരോടൊപ്പമായിരുന്നു അരവിന്ദ് കെജ്രിവാൾ ഇവിടെ താമസിച്ചിരുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഗ്നിശുദ്ധി വരുത്തിയതിന് ശേഷമേ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയുള്ളൂ എന്ന് രാജിപ്രഖ്യാപിച്ച ശേഷം കെജ്രിവാള് പറഞ്ഞിരുന്നു.
ഫെബ്രുവരിയിലാണ് ഡല്ഹി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മദ്യനയ അഴിമതി ആരോപണത്തില് അഞ്ചുമാസം ജയിലില് കഴിഞ്ഞ കെജ്രിവാള് സുപ്രീംകോടതി ജാമ്യം നല്കിയതിനെ തുടര്ന്ന് സെപ്റ്റംബര് 13നാണ് പുറത്തിറങ്ങിയത്. ഔദ്യോഗിക വസ്തി ഒഴിയുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Story Highlights: Delhi’s former Chief Minister Arvind Kejriwal vacates official residence after 9 years