നിർണായക പ്രഖ്യാപനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. അഗ്നിപരീക്ഷയ്ക്ക് തയ്യാറാണെന്നും ജനവിധിയോടെ തിരിച്ചുവരുമെന്നും കെജ്രിവാൾ പറഞ്ഞു.
തെരഞ്ഞെടുപ്പിലേക്ക് പോകാനാണ് തീരുമാനമെന്ന് കെജ്രിവാൾ വ്യക്തമാക്കി. നവംബറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും മഹാരാഷ്ട്രയ്ക്കൊപ്പം ഡൽഹിയിലും തെരഞ്ഞെടുപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താൽക്കാലിക മുഖ്യമന്ത്രിയെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും, സിസോദിയ മുഖ്യമന്ത്രിയാകില്ലെന്നും താനും സിസോദിയയും ജനവിധി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ ശ്രമം തന്റെ ആവേശം കെടുത്താനാണെന്നും ആം ആദ്മി സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കെജ്രിവാൾ ആരോപിച്ചു.
ജനങ്ങൾ തീരുമാനിക്കുന്നത് വരെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സത്യസന്ധനാണെന്ന് ബോധ്യപ്പെട്ടാൽ വോട്ട് ചെയ്താൽ മതിയെന്നും കെജ്രിവാൾ പറഞ്ഞു.
Story Highlights: Delhi Chief Minister Arvind Kejriwal announces resignation, calls for elections in November