ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവെക്കും. വൈകീട്ട് 4.30ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയ്ക്ക് രാജിക്കത്ത് കൈമാറും. ഇന്ന് രാവിലെ 11 മണിക്ക് കെജ്രിവാളിന്റെ വസതിയിൽ ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്.
അഴിമതിവിരുദ്ധ മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം നേരിട്ട അഴിമതി ആരോപണങ്ങളിൽ ജനവിധിയെന്ന അഗ്നിശുദ്ധിക്ക് ഒരുങ്ങുകയാണ്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജനവിധി തേടാൻ ഒരുങ്ങുന്നു. അഴിമതി ആരോപണങ്ങളിൽ തകർന്ന പ്രതിച്ഛായ വീണ്ടെടുക്കാനും ഭരണ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് കെജ്രിവാളിന്റെ രാജി.
പുതിയ മുഖ്യമന്ത്രിക്കായി മന്ത്രിസഭാ അംഗങ്ങളായ അതിഷി, സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവർക്ക് പുറമേ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെയും ദളിത് വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് രാഖി ബിർളയുടെയും പേരുകൾ പരിഗണനയിലുണ്ട്. അതിഷിയോ സുനിത കെജ്രിവാളോ മുഖ്യമന്ത്രിയായാൽ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ ഡൽഹിയിൽ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന മൂന്നാമത്തെ വനിതയാകും.
Story Highlights: Delhi CM Arvind Kejriwal to resign today, AAP to choose new Chief Minister