കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും. കര്ണാടക സര്ക്കാര് ഔദ്യോഗികമായി സൈനിക സഹായം തേടിയതിനെ തുടർന്ന് ബെലഗാവി ക്യാമ്പിൽ നിന്നുളള സൈന്യം ഇന്ന് തന്നെ ഷിരൂരിലെത്തി രക്ഷാപ്രവര്ത്തനം ഏറ്റെടുക്കും. ഇന്നലെ റഡാർ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ നടത്തുക.
മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര് താഴെ ലോഹഭാഗത്തിന്റെ സാന്നിധ്യം ഇന്നലെ റഡാറില് പതിഞ്ഞിരുന്നു. എന്നാൽ, പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ സിഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ചെളി നിറഞ്ഞ മണ്ണ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിൽ അല്പ്പസമയത്തിനകം ആരംഭിക്കും.
അർജുന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല്‍ കര്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യത്തെ വിന്യസിക്കാനുള്ള തീരുമാനമുണ്ടായത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് ഉച്ചയോടെ അപകടസ്ഥലം സന്ദര്ശിക്കുമെന്നും അറിയിച്ചിട്ടുണ്ട്.