കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തെരച്ചിൽ തുടരുകയാണ്. റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. അർജുൻ സാധാരണ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപം വരെ മണ്ണ് നീക്കം ചെയ്തതായി ബന്ധു അറിയിച്ചു. രക്ഷാപ്രവർത്തകനായ രഞ്ജിത്ത് ഇസ്രയേൽ, ലോറി കരയിൽ തന്നെയാണെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു.
ലോറി പുഴയിലേക്ക് പോയിരുന്നെങ്കിൽ ഫോൺ റിങ് ചെയ്യില്ലായിരുന്നുവെന്ന് രഞ്ജിത്ത് ഇസ്രയേൽ വ്യക്തമാക്കി. കൂടുതൽ ശക്തിയേറിയ റഡാർ ഉപകരണങ്ങൾ എത്തിച്ചാൽ തിരച്ചിലിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടമേഖലയിൽ ജെസിബിക്ക് നീക്കം ചെയ്യാൻ കഴിയാത്ത വലിയ കല്ലുകൾ ഉള്ളതിനാൽ മണ്ണ് നീക്കം ചെയ്യുന്നത് വളരെ ശ്രമകരമാണെന്നും അദ്ദേഹം വിശദീകരിച്ചു.
രക്ഷാദൗത്യത്തിനായി ബെലഗാവിയിൽ നിന്നുള്ള 40 അംഗ സൈനിക സംഘം അത്യാധുനിക ഉപകരണങ്ങളുമായി ഷിരൂരിലെത്തി. മൂന്ന് വലിയ വാഹനങ്ങളിലായാണ് സൈന്യം എത്തിയത്. സൈന്യത്തിന്റെ പക്കലുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്. സൈന്യം ഇപ്പോൾ രക്ഷാപ്രവർത്തനം ഏറ്റെടുത്തിരിക്കുകയാണ്.