അർജുനെ കണ്ടെത്താൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ രംഗത്ത്; കനത്ത മഴ വെല്ലുവിളിയാകുന്നു

Anjana

Arjun rescue operation

നാവികസേനയുടെ കൂടുതൽ മുങ്ങൽ വിദഗ്ധർ അർജുനെ കണ്ടെത്താനുള്ള ദൗത്യ മേഖലയിൽ എത്തി. രണ്ട് സംഘങ്ങളായി മുങ്ങൽ വിദഗ്ധർ പുഴിയിലേക്ക് ഇറങ്ങും. ആദ്യം അഞ്ചംഗ സംഘം ഡിങ്കി ബോട്ടിൽ ലോറി കണ്ടെത്തിയ സ്ഥലത്ത് എത്തി ദീപ് ഡൈവ് നടത്തി പരിശോധന നടത്തും. ലോറിയുടെ ക്യാബിൻ ആദ്യം പരിശോധിക്കും. അർജുനെ കണ്ടെത്തിയാൽ ഉടൻ കരയിലേക്ക് എത്തിക്കും, അതിനുശേഷം മാത്രമേ ലോറി ഉയർത്തൂ.

റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാൽ ഉടൻ ഡൈവിങ് സംഘം പുഴയിലേക്ക് ഇറങ്ങും. അർജുന്റെ ലോറി തീരത്ത് നിന്ന് 20 മീറ്റർ അകലെ, 5 മീറ്റർ ആഴത്തിലാണുള്ളത്. ലോങ് ബൂം എക്സ്കവേറ്ററും സ്ഥലത്തെത്തിച്ചിട്ടുണ്ട്. കൂടുതൽ സംഘങ്ങളും ഉടൻ എത്തും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ വെല്ലുവിളിയായി ഷിരൂരിൽ കനത്ത മഴ തുടരുകയാണ്. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമാണ്. ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു. ഉത്തര കന്നഡ ജില്ലയിൽ കാലാവസ്ഥാ വിഭാഗം ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലത്തേത് പോലെ ശക്തമായ മഴ ഇന്നും തുടർന്നാൽ തെരച്ചിൽ ദൗത്യം ദുഷ്കരമാകും.