കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളി നേരിടുന്നു. ഗംഗാവലി പുഴയിലെ കുത്തൊഴുക്ക് കാരണം നാവികസേനയ്ക്ക് നദിയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയാത്ത സാഹചര്യമാണ്.
ഐബോഡ് പരിശോധനയിൽ അർജുന്റെ ട്രക്ക് പുഴയിൽ കണ്ടെത്തിയെങ്കിലും ക്യാബിൻ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡ്രോൺ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായിട്ടില്ല. നാളെ ലോറി ഉയർത്താനുള്ള ശ്രമം നടത്തിയേക്കും. രാത്രിയിൽ വീണ്ടും ഡ്രോൺ പരിശോധന നടത്തുമെന്നും ദൗത്യസംഘം അറിയിച്ചു.
നാവികസേനയുടെ 15 മുങ്ങൽ വിദഗ്ധരാണ് ഷിരൂരിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയിരിക്കുന്നത്. അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും ഇടവിട്ട് പെയ്യുന്ന കനത്ത മഴയും കാരണം പുഴയ്ക്കടിയിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല. മനുഷ്യസാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ദൗത്യം വീണ്ടും നീളുമെന്നും വൈകിട്ട് 5 മണിക്ക് ദൗത്യസംഘം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.