കോപ്പ അമേരിക്ക: അർജന്റീന വീണ്ടും ചാമ്പ്യന്മാർ; കൊളംബിയയെ തകർത്ത് കിരീടം

Anjana

കോപ്പ അമേരിക്കയിൽ അർജന്റീന വീണ്ടും ചാമ്പ്യന്മാരായി. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട ഫൈനലിൽ കൊളംബിയയെ ഒരു ​ഗോളിന് തകർത്താണ് അർജന്റീന കിരീടം നേടിയത്. 112-ാം മിനിറ്റിൽ ലൗട്ടാറോ മാർട്ടിനസ് നേടിയ ​ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം കോപ്പ കിരീട നേട്ടമാണിത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും ​ഗോൾ നേടാതിരുന്നതിനാലാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. രണ്ടാം പകുതിയിൽ നായകൻ ലയണൽ മെസ്സിക്ക് പരിക്കേറ്റ് പുറത്തുപോയത് അർജന്റീനയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാൽ മത്സരവീര്യം കളയാതെ അർജന്റീന താരങ്ങൾ കളം നിറഞ്ഞു. 65-ാം മിനിറ്റിൽ മെസ്സി കളം വിട്ടപ്പോൾ നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയതും കൊളംബിയയായിരുന്നെങ്കിലും ഒടുവിൽ കിരീടം മെസ്സിക്കും സംഘത്തിനും സ്വന്തമായി. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ മത്സരത്തിലുടനീളം ലഭിച്ചെങ്കിലും ​ഗോൾ ആക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീന നിരവധി മുന്നേറ്റങ്ങൾ നടത്തിയിരുന്നു. മെസ്സിയുടെ അഭാവത്തിലും കനത്ത പോരാട്ടമാണ് കൊളംബിയക്കെതിരെ അർജന്റീന താരങ്ങൾ പുറത്തെടുത്തത്.