ബ്രസീലിയ: 1964 ന് ശേഷം ബ്രസീൽ അർജന്റീനയോട് ഇത്ര വലിയ തോൽവി വഴങ്ങുന്നത് ആദ്യമായാണ്. ചിരവൈരികളായ അർജന്റീനയോട് 4-1 എന്ന വലിയ തോൽവി ബ്രസീലിന്റെ ആരാധകർക്ക് സഹിക്കാനാവില്ല. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തിയ അർജന്റീന ഇപ്പോഴും കരുത്തരാണെന്ന് ബ്രസീലിനെതിരായ മത്സരം തെളിയിച്ചു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ നിലംപരിശാക്കിയ അർജന്റീന ഫുട്ബോൾ ടീമാണ് ഇപ്പോൾ ചർച്ചാവിഷയം. പരിക്കേറ്റ ലയണൽ മെസ്സിയും ലൗട്ടാരോ മാർട്ടിനസും ഇല്ലാതെ തന്നെ ബ്രസീലിനെതിരെ നേടിയ വൻ വിജയം അർജന്റീനയുടെ പ്രഭാവം ഇനിയും ഏറെക്കാലം തുടരുമെന്നതിന്റെ സൂചനയാണ്. കിക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം ജൂലിയൻ അൽവാരസിന്റെ ക്ലോസ് റേഞ്ച് സ്ട്രൈക്കിലൂടെയാണ് അർജന്റീന ഗോളടി തുടങ്ങിയത്.
പന്ത്രണ്ടാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്ന് എൻസോ ഫെർണാണ്ടസ് മികച്ചയൊരു ഷോട്ട് അർജന്റീനയെ 2-0ന് മുന്നിലെത്തിച്ചു. മോളിനയുടെ അസിസ്റ്റിൽ നിന്നായിരുന്നു എൻസോയുടെ ക്ലിനിക്കൽ ഫിനിഷ്. 26-ാം മിനിറ്റിൽ അർജന്റീന ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയുടെ പിഴവിൽ ബ്രസീൽ ഗോൾ മടക്കി. മാത്തിയാസ് കുനിയയാണ് കാനറികൾക്കുവേണ്ടി ഗോൾ നേടിയത്. എന്നാൽ ഇത് മത്സരത്തിലെ അവരുടെ ആശ്വാസ ഗോളുമായിരുന്നു. 37-ാം മിനിറ്റിൽ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് തകർപ്പനൊരു ഷോട്ടിലൂടെ അലക്സിസ് മാക് അലിസ്റ്റർ അർജന്റീനയെ വീണ്ടും മുന്നിലെത്തിച്ചു.
തുടർന്നും ഇരമ്പിയാർക്കുന്ന അർജന്റീനയെയാണ് കാണാനായത്. നിരവധി ഗോളവസരങ്ങൾ അവരെ തേടിയെത്തി. 3-1ന് പിന്നിലായതോടെ ഇടവേളയിൽ ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയർ മൂന്ന് മാറ്റങ്ങൾ വരുത്തി. ലിയോ ഓർട്ടിസ്, എൻഡ്രിക്ക്, ജോവോ ഗോമസ് എന്നിവരെ കൊണ്ടുവന്നു. എന്നാൽ ഇതൊന്നും കാനറികളെ രക്ഷപെടുത്തിയില്ല. കാത്തിരിപ്പിനൊടുവിൽ 71-ാം മിനിറ്റിലായിരുന്നു പട്ടിക തികച്ച അർജന്റീനയുടെ നാലാം ഗോൾ വന്നത്.
പകരക്കാരനായ അത്ലറ്റിക്കോ മാഡ്രിഡ് താരം ജിയുലിയാനോ സിമിയോണി ക്ലോസ് റേഞ്ച് സ്ട്രൈക്കിലൂടെയാണ് ലക്ഷ്യം കണ്ടത്. ടച്ച് ലൈനിൽ നിന്ന് അസാധ്യമായ ഒരു ആംഗിളിൽ നേടിയ ഈ ഗോൾ വളരെ മനോഹരമായിരുന്നു. ബ്രസീലിനെതിരായ ജയത്തോടെ തെക്കേ അമേരിക്കൻ യോഗ്യതാ ടേബിളിൽ 14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റോടെ അർജന്റീന അടുത്ത ലോകകപ്പിനുള്ള ബെർത്ത് സ്വന്തമാക്കി. അതേസമയം, 14 മത്സരങ്ങളിൽ നിന്ന് 21 പോയിന്റോടെ നാലാമതാണ് ബ്രസീൽ. അവർക്ക് ഇനിയുള്ള മത്സരങ്ങൾ ഏറെ നിർണായകവുമാണ്. പരാഗ്വേ, കൊളംബിയ ടീമുകൾ ബ്രസീലിന് കനത്ത ഭീഷണി ഉയർത്തി ഒപ്പമുണ്ട്.
11 വർഷം മുമ്പ് ലോകകപ്പ് സെമിയിൽ ജർമനിയോടേറ്റ 7-1 തോൽവി ഏറെക്കാലം ബ്രസീൽ എന്ന രാജ്യത്തിന്റെയും അവരുടെ കളി ഇഷ്ടപ്പെടുന്ന ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികളുടെയും ഉറക്കം കെടുത്തിയിരുന്നു. അർജന്റീനയുടെ യുവനിര ഇപ്പോൾ ലോകത്തെ തന്നെ മികച്ച ടീമുകളിലൊന്നാണ്. എൻസോ ഫെർണാണ്ടസും ജൂലിയൻ അൽവാരസും അലക്സിസ് മാക് അലിസ്റ്ററും ലൗട്ടാരോ മാർട്ടിനസുമൊക്കെ മികച്ച ഫോമിൽ കളിക്കുമ്പോൾ അടുത്ത ലോകകപ്പിലേക്കുള്ള പ്രയാണം ശക്തമാക്കുകയാണ് അർജന്റീന. ലയണൽ മെസിയെന്ന അതികായനില്ലാതെ തന്നെ ഏതൊരു ടീമിനെയും പരാജയപ്പെടുത്താൻ കഴിയുന്ന സംഘമായി തങ്ങൾ മാറിക്കഴിഞ്ഞെന്ന പ്രഖ്യാപനവും ഫുട്ബോൾ ലോകത്തിന് മുന്നിൽ അർജന്റീന വെക്കുന്നു.
Story Highlights: Argentina defeated Brazil 4-1 in a World Cup qualifying match, securing their spot in the next World Cup.