കർണാടകയിലെ അങ്കോല മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. മേഖലയിൽ കനത്ത മഴ തുടരുന്നതും ഗംഗാവതി പുഴ നിറഞ്ഞൊഴുകുന്നതും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി. എൻഡിആർഎഫും പൊലീസും തിരച്ചിൽ നിർത്തിവച്ചെങ്കിലും ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് പൊലീസിനും അഗ്നിശമന സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അർജുന്റെ ഏറ്റവും ഒടുവിൽ റിംഗ് ചെയ്ത നമ്പർ കർണാടക സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. നാവികസേനയെ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
മൂന്ന് ദിവസമായി അർജുനെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുകയാണ്. അർജുൻ ഓടിച്ച ലോറി മണ്ണിനടിയിൽപ്പെട്ടതായി ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുന്നു. തുടർച്ചയായി അർജുനെ ഫോണിൽ ബന്ധപ്പെടുമ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല. അപകടം നടന്നയിടമാണ് ഫോണിന്റെ ലൊക്കേഷനായി കാണുന്നതെന്നും അർജുന്റെ ബന്ധുക്കൾ വ്യക്തമാക്കി.