പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പദ്ധതിയിടുകയാണെന്നും റെഡ്ഡിറ്റ് പോസ്റ്റുകൾ വൈറലായതിനെ തുടർന്നാണ് ഈ അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. എന്നിരുന്നാലും, ഈ റിപ്പോർട്ടുകളോട് പ്രതികരിച്ച് അവരാരും ഔദ്യോഗികമായി ഇതുവരെ പ്രസ്താവനകളൊന്നും നൽകിയിട്ടില്ല.
സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെയും കാവേരിയുടെയും മകളാണ് 33 വയസ്സുള്ള കാവ്യ. 2018 ലാണ് കാവ്യ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ചുമതല ഏറ്റെടുക്കുന്നത്. അതിനുശേഷം ടീമിന്റെ മിക്ക മത്സരങ്ങളിലും കാവ്യ സ്റ്റേഡിയത്തിൽ എത്താറുണ്ട്.
കാവ്യ മാരാന്റെ പേര് ഐപിഎൽ ലേലത്തിൽ പലപ്പോഴും ഉയർന്നു കേട്ടിട്ടുണ്ട്. 31-ാം വയസ്സിൽ സൺറൈസേഴ്സ് ഹൈദരാബാദ് പോലൊരു വലിയ ക്രിക്കറ്റ് ഫ്രാഞ്ചൈസി നടത്തിക്കൊണ്ടുപോകുന്നത് ചെറിയ കാര്യമല്ലെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഐപിഎൽ 2025 ലേലത്തിൽ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും ടീമിലെത്തിച്ചതിലൂടെ കാവ്യ ഏറെ പ്രശംസ നേടിയിരുന്നു.
അതേസമയം, ഐശ്വര്യ ധനുഷ് ആദ്യമായി സംവിധാനം ചെയ്ത ധനുഷ് നായകനായ ‘ത്രീ’ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് അദ്ദേഹം ചെയ്ത ഗാനങ്ങളെല്ലാം തന്നെ ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ചു. അജിത്തിന്റെ ‘വിടാമുയർച്ചി’ എന്ന സിനിമയിലെ പാട്ടുകളും ഇപ്പോൾ ട്രെൻഡിംഗിൽ ഉണ്ട്.
സംഗീതസംവിധായകനായി സിനിമയിൽ എത്തിയ ശേഷം അനിരുദ്ധ് നിരവധി ശ്രദ്ധേയമായ ഗാനങ്ങൾ പുറത്തിറക്കി. ഓരോ സിനിമകളിലെ ഗാനങ്ങളും പുറത്തിറങ്ങുമ്പോൾത്തന്നെ ശ്രദ്ധ നേടാറുണ്ട്.
അനിരുദ്ധിന്റെ സംഗീതത്തിലുള്ള കഴിവ് വളരെ വലുതാണെന്നും നിരവധി പേരാണ് അദ്ദേഹത്തിന്റെ പാട്ടുകൾക്ക് കാത്തിരിക്കുന്നത് എന്നും ആരാധകർ പറയുന്നു. അതിനാൽ തന്നെ ഈ വാർത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേരുന്നത്.
Story Highlights: പ്രമുഖ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ടിവി നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ സഹ ഉടമയുമായ കാവ്യ മാരനും വിവാഹിതരാകുന്നു.