താരസംഘടനയായ ‘അമ്മ’യുടെ ഭരണസമിതി ലൈംഗികാതിക്രമ പരാതിയെ തുടർന്ന് രാജിവച്ചതിന് പിന്നാലെ, ഇപ്പോൾ സംഘടനയുടെ കൊച്ചി ഇടപ്പള്ളിയിലെ ആസ്ഥാന ഓഫീസ് വിൽപനയ്ക്ക് വച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്സിൽ ‘അർജന്റ് സെയിൽ’ എന്ന പേരിൽ വെറും 20,000 രൂപയ്ക്കാണ് ഓഫീസിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 20,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ പത്ത് വാഷ്റൂമുകളുണ്ടെന്നും റെഡി ടു മൂവ് ആണെന്നും വിൽപന വിവരണത്തിൽ പറയുന്നു.
മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും വിവരണത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നാൽ, ആരാണ് ഈ പരസ്യം നൽകിയതെന്ന കാര്യം വ്യക്തമല്ല. ഈ സംഭവം സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
അതേസമയം, ‘അമ്മ’യ്ക്ക് പിന്നാലെ ചലച്ചിത്ര പ്രവർത്തകരുടെ മറ്റൊരു സംഘടനയായ ‘ഫെഫ്ക’യിലും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുകയാണ്. സംഘടനയുടെ നിലപാടുകളിലെ കാപട്യത്തെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി സമർപ്പിച്ചു. സംഘടനയുടെ നേതൃത്വത്തോട് ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പ്രാഥമിക അംഗത്വത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് അറിയിച്ചിരിക്കുന്നത്.
Story Highlights: Amma office put up for urgent sale on OLX for 20,000 rupees