ആമസോൺ ഇന്ത്യ ക്വിക്ക്-ഡെലിവറി രംഗത്തേക്ക് പ്രവേശിക്കുന്നു. ആമസോൺ ഇന്ത്യയുടെ വാർഷിക പരിപാടിയിൽ കമ്പനിയുടെ മാനേജർ സാമിർ കുമാർ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ‘ടെസ്സ്’ എന്നായിരിക്കും ആമസോണിന്റെ ക്വിക് ഡെലിവറി സേവനത്തിന്റെ പേരെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ് തുടങ്ങിയ നിലവിലുള്ള ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് കടുത്ത മത്സരമാണ് ആമസോൺ സൃഷ്ടിക്കാൻ പോകുന്നത്.
നിലവിലെ ക്വിക്ക് ഡെലിവറി ആപ്പുകൾ 15 മിനിറ്റിനുള്ളിൽ അവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നു. ആമസോണിന്റെ ക്വിക് ഡെലിവറി സേവനത്തിന്റെ പരീക്ഷണം ഈ മാസാവസാനം ബെംഗളൂരുവിൽ ആരംഭിക്കും. ഉപഭോക്താക്കൾക്ക് വേഗത്തിൽ ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനായി ചെറിയ വെയർഹൗസുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. എന്നാൽ, ബാംഗ്ലൂർ കൂടാതെ മറ്റേതൊക്കെ നഗരങ്ളിൽ ഈ സേവനം ലഭ്യമാകുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടില്ല.
ക്വിക് ഡെലിവറി സേവനങ്ങൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണമാണ് കൂടുതൽ കമ്പനികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. പലചരക്ക് സാധനങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ തുടങ്ങിയ ദൈനംദിന ആവശ്യങ്ങൾക്കാണ് ഈ ആപ്പുകളിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. മെറ്റയുടെ കണക്കുകൾ പ്രകാരം, ഓൺലൈൻ ഉപഭോക്താക്കളിൽ 91 ശതമാനം പേർക്കും ക്വിക് ഡെലിവറി സേവനങ്ങളെക്കുറിച്ച് അറിവുണ്ട്. ദൈനംദിന ഉപയോഗത്തിനുള്ള ഉൽപ്പന്നങ്ങളാണ് ഈ പ്ലാറ്റ്ഫോമുകളിൽ കൂടുതലായും വിറ്റഴിക്കപ്പെടുന്നത്.
Story Highlights: Amazon India enters quick-delivery market with ‘Tess’, challenging existing platforms like Swiggy and Blinkit