ആമയിഴഞ്ചാൻ അപകടം: മരിച്ച തൊഴിലാളിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി

Anjana

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ വീണുമരിച്ച ശുചീകരണത്തൊഴിലാളി എൻ ജോയിയുടെ അമ്മയ്ക്ക് ധനസഹായം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേയോട് ആവശ്യപ്പെട്ടു. മാലിന്യനീക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ടണൽ റെയിൽവേയുടെ പരിധിയിലാണെന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. മേലധികാരികളുമായി കൂടിയാലോചിച്ച് മറുപടി നൽകാമെന്ന് ഡിആർഎം മനീഷ് യോഗത്തിൽ അറിയിച്ചു. ആമയിഴഞ്ചാൻ കനാലിലെ മാലിന്യം നീക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും യോഗത്തിൽ തീരുമാനമായി. പൊതുനിരത്തിൽ മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നും, അനധികൃതമായി മാലിന്യം ശേഖരിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും തീരുമാനിച്ചു. നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനെതിരെയും കർശന നടപടിയുണ്ടാകും. പൊലീസിന്റെയും നഗരസഭയുടെയും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കുന്ന 40 എഐ ക്യാമറകൾ സ്ഥാപിക്കുമെന്നും യോഗത്തിൽ അറിയിച്ചു. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സബ് കളക്ടറെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തും. മേജർ ഇറിഗേഷൻ, കോർപ്പറേഷൻ, റെയിൽവേ എന്നീ മൂന്ന് വിഭാഗങ്ങളുടെ ഏകോപനം ഉറപ്പാക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.